ദിവ്യ തേജസ്സ് - കവിത
ദിവ്യ തേജസ്സ്
ചരിത്രമാകും നിലനഭസ്സിൽ
ഉദിച്ചുയർന്നൊരു താരകമേ
മനുഷ്യനെന്നുംസ്നേഹംനൽകി
മനസ്സു ചേർത്ത മഹാത്മാവേ
മലങ്കരയ്ക്കൊരു നായകനായി
സഭയ്ക്കു കാവൽത്തിരിയായി
നയിച്ചു പന്ത്രണ്ടാണ്ടുകൾ ഞങ്ങളെ
സമത്വമോതിടുമാചാര്യൻ
വിശുദ്ധജീവിതമെന്നും ഞങ്ങൾ -
ക്കതുല്യമാമൊരു ഗുണപാഠം
ചരാചരത്തോടുള്ളൊരു സ്നേഹം
വിനയം ,സൗമ്യത ,ലാളിത്യം
തനിയ്ക്കു കിട്ടിയതെല്ലാമന്യർ -
ക്കെടുത്തു നൽകീ തിരുമേനി
പലർക്കുവീടുകൾ നൽകീ, രോഗി-
യ്ക്കറിഞ്ഞു സാന്ത്വനമായ് നിന്നൂ
വളർന്ന നാടും ,നാട്ടിടവഴിയും
മറന്നുപോകാതുന്നതിയിൽ
നിറഞ്ഞനേരും ലാളിത്യത്തിൻ -
തിളക്കവും കൈവെടിയാതെ
മതങ്ങൾ, വർഗ്ഗവിവേചനമില്ലാ-
തടുത്തു ചേർത്തു മാനവരേ
കളങ്കമില്ലാത്താത്മീയതയുടെ
വിഭാതസൂര്യ മുഖം നീയേ
കെടാത്ത നീതി ,ന്യായം, ധർമ്മം
ഉറച്ചാതാണാനിലപാടും
മഹസ്സു നൽകി കുന്നംകുളമിതി -
നഹസ്സുപോലെ തിരുമേനി
നിറഞ്ഞു ഞങ്ങടെ പ്രാർത്ഥനയിൽ നീ
തമസ്സു മാറ്റും പൊൻപ്രഭയായ്
നമിച്ചിടുന്നൂ ഞങ്ങളിതൊന്നായ്
പരമപിതാവിൻ സവിധത്തിൽ
രചന. ബി. കെ. ഹരി നാരായണൻ