പാമ്പാടി തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമ്മപെരുന്നാൾ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ യുഎഇയിലെ ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ആചരിച്ചു. യുഎഇയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള കുന്നംകുളം പ്രവാസികൾ ഫുജൈറ ദേവാലയത്തിൽ ഒരുമിച്ച് കൂടി പരിശുദ്ധ പിതാവിന്റെ പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം   സഭയുടെ ആരാധന സംഗീത വിഭാഗമായ ശ്രുതിയുടെ അസിസ്റ്റന്റ് ഡയറക്ടർ റവ ഫാ അനൂപ് രാജു ഉദ്ഘാടനം നിർവഹിച്ചു. പരിശുദ്ധ സഭയ്ക്ക് ആത്മീയമായ ചൈതന്യം പകർന്നു തന്ന പ്രകാശഗോപുരം ആയിരുന്നു പരിശുദ്ധ പാമ്പാടി തിരുമേനി എന്ന് അദ്ദേഹം അനുസ്മരിച്ചു. കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പി സി സൈമൺ അധ്യക്ഷനായിരുന്നു. കുന്നംകുളം പട്ടണം പ്ലേഗ് എന്ന മഹാമാരിയിൽ ഒറ്റപ്പെട്ടു പോയപ്പോൾ  തന്റെ ജീവനെ പോലും വകവയ്ക്കാതെ കുന്നംകുളത്തേക്ക് കടന്നു വരികയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും പാമ്പാടി തിരുമേനി കാണിച്ച  നിസ്തുലമായ സ്നേഹം കുന്നംകുളത്തുകാർ ഒരിക്കലും മറക്കില്ല എന്ന് ശ്രീ പി സി സൈമൺ തന്റെ അധ്യക്ഷ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഇടവക സെക്രട്ടറി ശ്രീ ബിജുമോൻ സി ജെ, ഇടവക ട്രസ്റ്റി  ശ്രീ ജേക്കബ് പാപ്പച്ചൻ,  ശ്രീ ജുബി കുരുവിള, ശ്രീ മനോജ്‌, ശ്രീ ബൈജു തോപ്പിൽ, ബിനോയ് മീനടം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജിനീഷ് വർഗീസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സുജിത്ത് കൊച്ചു നന്ദിയും രേഖപ്പെടുത്തി. പാമ്പാടി, മീനടം സ്വദേശികളും യോഗത്തിൽ സംബന്ധിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് വിശുദ്ധ കുർബാനന്തരം നേർച്ച വിതരണവും നടത്തുകയുണ്ടായി